Kerala
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. റെജി ചെറിയാൻ എംഎൽഎ ആണ് ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തത്. ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ ആണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുക.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്സ് ടിക്കറ്റ് പ്രമുഖ വ്യവസായി ജേക്കബ് ജോണിന് നൽകിയും 25000 രൂപയുടെ പ്ലാറ്റിനം കോർണർ ടിക്കറ്റ് വിദേശ വ്യവസായി ഹാരിസ് രാജയ്ക്ക് നൽകിയുമാണ് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഷാജി വി. നായർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും.
വ്യാഴാഴ്ച ഉച്ചയോടെ ഈ സർക്കാർ ഓഫീസുകളിൽ നിന്ന് ടിക്കറ്റ് വാങ്ങാം. എസ്ബിഐ, കാനറ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നീ ബാങ്കുകള്‍ വഴി ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാനുള്ള സൗകര്യം വെള്ളിയാഴ്ച്ചയോടെ സജ്ജമാവും.
ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്സ് ടിക്കറ്റിൽ അഞ്ച് പേർക്ക് നെഹ്റു പവലിയനിൽ പ്രവേശനം ലഭിക്കും. നാലു പേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്റു പവലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് വില 25000 രൂപയാണ്. 10000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് നിരക്ക്.
കോർപറേറ്റ് ബോക്സ്, പ്ലാറ്റിനം കോര്ണ് ടിക്കറ്റുകള്‍ എടുക്കുന്നവരെ പവലിയനിൽ എത്തിക്കാന്‍ പ്രത്യേക ബോട്ട് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണ സൗകര്യവും പവലിയനില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
നെഹ്റു പവലിയനിലെ ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റ് 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ 2500, റോസ് കോര്‍ണര്‍ 1500, വിക്ടറി ലൈൻ 500, ഓള് വ്യൂ 400, ലേക്ക് വ്യൂ ഗോള്‍ഡ് 200, ലോണ്‍ 100 എന്നിങ്ങനെയാണ് മറ്റു ടിക്കറ്റുകളുടെ നിരക്ക്.
SUNDAY DEEPIKA
മിഥുനത്തിലെ മൂലം നാളിൽ ചമ്പക്കുളം പമ്പയാറ്റിൽ അരങ്ങേറുന്ന മൂലം ജലോത്സവം വെറുമൊരു വള്ളംകളിയല്ല. ഇത് ഒരേസമയം പഴയ തിരുവിതാംകൂറിന്റെയും ആധുനിക കേരളത്തിന്റെയും തനത് കലയും കലാരൂപവും കായിക വിനോദവുമാണ്. ഒരു കാലത്തിന്റെ, സംസ്കാരത്തിന്റെ, മതസൗഹാർദത്തിന്റെ, ബഹുമാനത്തിന്റെ, ഭക്തിയുടെ എല്ലാം കൂടിച്ചേരലാണ്. അമ്പലപ്പുഴ ക്ഷേത്രം, കുറിച്ചി കരിങ്കുളം ക്ഷേത്രം, ചമ്പക്കുളം കല്ലൂർക്കാട് പള്ളി, ചമ്പക്കുളത്തെ മാപ്പിളശേരി എന്ന ക്രിസ്ത്യൻ തറവാട്, ചെമ്പകപ്പള്ളി എന്ന ഈഴവ കുടുംബം എന്നിവയുമായി ഏറെ ബന്ധപ്പെട്ടു നില്ക്കുന്ന ഒന്ന്.
ആചാരപ്പെരുമയിൽ ഇന്നും മുന്നിട്ടുനില്ക്കുന്ന ഒന്നാണ് മൂലം വള്ളംകളി. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെയും കേരളത്തിലെ ഏക വള്ളംകളി മത്സരം മൂലം ജലോത്സവമായിരുന്നു. ഇതുകൂടാതെ അന്നുണ്ടായിരുന്നത് പള്ളിയോടങ്ങളുടെ മത്സരങ്ങൾ മാത്രം. കേരളക്കരയിൽ ഓരോ വള്ളംകളി കാലവും തുടങ്ങുന്നതു മൂലം വള്ളംകളിയോടെയാണ്.
ചരിത്രവും ഐതിഹ്യവും
ചരിത്രവും ഐതിഹ്യവും ഒന്നു ചേരുകയാണിവിടെ. മിഥുനമാസത്തിലെ മൂലം നാളിൽ രാവിലെ ചെമ്പകശേരി രാജാവിനന്റെ പ്രതിനിധിയായ ഒരു പാണൻ കല്ലൂർക്കാട് പള്ളിയുടെ തെക്കേ സങ്കീർത്തിയുടെ മുറ്റത്തു വന്ന് മുരടനക്കും. വികാരിയുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പാണൻ പറയും- "ഇന്ന് ചെമ്പകശേരീതമ്പുരാന്റെ മൂലവും കാലവുമാണ്, മൂലക്കാഴ്ചയാണ്.' ഇത് കേൾക്കുന്ന കല്ലൂർക്കാട്ടെ വികാരി കൈക്കാരനെ വിളിച്ച് പാണന് സമ്മാനം നല്കാൻ ഏർപ്പാടാക്കും.
മൂലക്കാഴ്ച ഗംഭീരമാക്കാനുള്ള നിർദേശവും നല്‍കും. രാജാവിന്റെയും ക്ഷേത്രത്തിന്റെയും പ്രതിനിധികൾ താമസിയാതെ കല്ലൂർക്കാട്ടെത്തും. തുടർന്ന് ആഘോഷം. അതോടെ ഒരു നാടിനന്റെ ഒരു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് മൂലക്കാഴ്ച എന്ന മൂലം ജലോത്സവം തുടങ്ങും. ഇതായിരുന്നു മൂലക്കാഴ്ചയുടെ പഴയ പതിപ്പിന്റെ നേർചിത്രം. കല്ലൂർക്കാട്ടാറ്റിലെ (പമ്പാനദി രേഖകളിൽ ഇങ്ങനെയും അറിയപ്പെടുന്നു) മൂലം കളിയും കല്ലൂർക്കാട് പള്ളിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്.
മൂലം പിറക്കുന്നു
ചമ്പക്കുളവും കുട്ടനാടും ഉൾപ്പെടുന്ന ദേശങ്ങൾ ഭരണം നടത്തിയിരുന്നത് ചെമ്പകശേരി രാജാക്കൻമാരായിരുന്നു. കൊല്ലവർഷം 720ൽ (ക്രിസ്തുവർഷം 1545) ചെമ്പകശേരി രാജ്യം ഭരിച്ചിരുന്ന പൂരാടം തിരുനാൾ ദേവനാരായണൻ രാജപുരോഹിതന്റെ ഉപദേശമനുസരിച്ച് അമ്പലപ്പുഴയിൽ ഒരു ക്ഷേത്രം നിർമിച്ചു. അവിടെ പ്രതിഷ്ഠിക്കാൻ നിശ്ചയിച്ച കൃഷ്ണവിഗ്രഹം അനുയോജ്യമല്ലെന്ന് പ്രശ്നവശാൽ തെളിഞ്ഞുവത്രേ. പുതിയ വിഗ്രഹം നിശ്ചയിക്കപ്പെട്ട സമയത്തുതന്നെ പ്രതിഷ്ഠിക്കുകയും വേണം. തിരക്കിട്ട അന്വേഷണത്തിനൊടുവിൽ ചങ്ങനാശേരിക്കു സമീപമുള്ള കുറിച്ചി കരിംകുളം ക്ഷേത്രത്തിൽ എല്ലാ ലക്ഷണങ്ങളും തികഞ്ഞൊരു കൃഷ്ണ വിഗ്രഹമുണ്ടെന്നറിഞ്ഞു.
കുറിച്ചിയിലെ വിഗ്രഹം ശ്രീകൃഷ്ണൻ അർജുനന് നേരിട്ടു സമ്മാനിച്ചതാണെന്നായിരുന്നു വിശ്വാസം. ചെമ്പകശേരി രാജാവിന്റെ സൈന്യം ജല വാഹനങ്ങളിൽ കുറിച്ചിയിലെത്തി വിഗ്രഹം കടത്തിക്കൊണ്ടുപോന്നു. പമ്പാനദിയിലൂടെ ചമ്പക്കുളത്ത് എത്തിയപ്പോൾ സന്ധ്യമയങ്ങി. ഇനിയും പല നാഴിക യാത്രചെയ്താലേ അമ്പലപ്പുഴയെത്തൂ. അസമയത്തുള്ള യാത്ര അപകടം വരുത്തിവയ്ക്കും. പടനായകർ ഒരു തീരുമാനത്തിലെത്തി. വിഗ്രഹവുമായുള്ള രാത്രിയാത്ര സുരക്ഷിതമല്ലാത്തതിനാൽ ചമ്പക്കുളത്തെ പുരാതന ക്രിസ്ത്യൻ തറവാടായ മാപ്പിളശേരിയിൽ വിഗ്രഹം ഇറക്കിവയ്ക്കാം.
ചമ്പക്കുളം കല്ലൂർക്കാട് പള്ളി ഇടവകയിൽപ്പെട്ട ഒന്നായിരുന്നു മാപ്പിളശേരി തറവാട്. കല്ലൂർക്കാട് പള്ളിയും ചെമ്പകശേരി രാജകുടുംബവുമായി വളരെ അടുത്തബന്ധം നിലനിന്നിരുന്നതും വിഗ്രഹം ഇവിടെ ഇറക്കി സൂക്ഷിക്കുന്നതിനുള്ള ഒരു കാരണമായിരുന്നു.
അപ്രതീക്ഷിതമായും, അടിയന്തരമായും മാപ്പിളശേരി തറവാട്ടിൽ ഇറക്കിവച്ച ശ്രീകൃഷ്ണ വിഗ്രഹത്തിനു മാപ്പിളശേരി കുടുംബത്തിലെ കാരണവരായിരുന്ന, രാജാവിന്റെ അടുത്ത ആശ്രിതനും, നാട്ടുപ്രമാണിയുമായ ഇട്ടിത്തൊമ്മന്റെ നേതൃത്വത്തിൽ പ്രദോഷം മുതൽ പ്രഭാതം വരെ പൂജാവിധിപ്രകാരമുള്ള സർവവിധ ബഹുമാനവും സുരക്ഷയും നല്കി. ഇതു നടന്നത് കൊല്ലവർഷം 720 മിഥുനമാസത്തിലെ തൃക്കേട്ട നാളിലായിരുന്നു. ഇറക്കിവച്ചതുമുതൽ ഈ കുടുംബം വിഗ്രഹത്തിനുമുന്നിൽ ഒരു വിളക്ക് കത്തിച്ചുവച്ചിരുന്നു. അതിന്റെ തുടർച്ചയായി ഇന്നും ഒരു വിളക്ക് മാപ്പിളശേരിയിൽ തെളിക്കുന്നു.
രാജാവ് ചമ്പക്കുളത്തേക്ക്
വിഗ്രഹത്തിന്റെ വരവു പ്രതീക്ഷിച്ചിരുന്ന രാജാവ്, അത് രാത്രിയിൽ സുരക്ഷിതമായി മാപ്പിളശേരി തറവാട്ടിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞതിൽ അതീവ സന്തുഷ്ടനായി. കാരണം കുറിച്ചിയിൽനിന്ന് കടത്തിക്കൊണ്ടുവന്ന വിഗ്രഹം തിരിച്ചുപിടിക്കാൻ അന്നാട്ടുകാർ വരാനുള്ള സാധ്യതയും, അതുപോലെ തന്നെ കൊള്ളക്കാരുടെ ആക്രമണ സാധ്യതയും നിലനിന്നിരുന്നത് രാജാവിനെ ആശങ്കപ്പെടുത്തിയിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ വിഗ്രഹം ഒരു ക്രൈസ്തവ തറവാട്ടിൽ ഇറക്കി സൂക്ഷിക്കുമെന്ന് ആർക്കും ഒരിക്കലും ഊഹിക്കാൻ പോലുമാവില്ല എന്നതും ഇവിടെ ഇറക്കിവയ്ക്കാനുള്ള ഒരു കാരണമായിരുന്നു.
ശുഭവാർത്ത ലഭിച്ച രാജാവ് പിറ്റേന്ന് മൂലം നാളിൽ പരിവാരസമേതം അമ്പലപ്പുഴയിൽനിന്ന് ജലമാർഗം ചമ്പക്കുളത്ത് മാപ്പിളശേരി തറവാട്ടിലെത്തി. അദ്ദേഹം ഇട്ടിത്തൊമ്മനും കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾ നല്കി. വിഗ്രഹത്തോടൊപ്പം എത്തിയവർക്കും, പടയാളികൾക്കും നാട്ടുപ്രമാണിക്ക് ഇണങ്ങുംവിധം ഇട്ടിത്തൊമ്മൻ രാത്രി മുതൽ രാവിലെവരെ സദ്യ നടത്തിയിരുന്നു. അന്ന് പ്രമാണിമാർ നല്‍കിയിരുന്ന താംബൂലസദ്യയും ഇട്ടിത്തൊമ്മനു നല്കി. ശ്രീകൃഷ്ണവിഗ്രഹം എത്തിയതറിഞ്ഞ് നിരവധി നാട്ടുകാർ വലുതും ചെറുതുമായ വള്ളങ്ങളിലും കളിവള്ളങ്ങളിലുമായി രാവിലെ മാപ്പിളശേരി തറവാട്ടിൽ എത്തിച്ചേർന്നിരുന്നു.
വിധിപ്രകാരമുള്ള പ്രഭാത പൂജകൾക്കു ശേഷം രാജാവും സംഘവും വിഗ്രഹംഏറ്റുവാങ്ങി അമ്പലപ്പുഴയിലേക്കു കൊണ്ടുപോയി. പോകുംവഴി ഇട്ടിത്തൊമ്മന്റെ ഇടവകയായ ചമ്പക്കുളം കല്ലൂർക്കാട് പള്ളിക്കടവിൽ വലിയ സ്വീകരണമാണ് പള്ളിക്കാര്യത്തിൽനിന്ന് ഒരുക്കിയത്. മുത്തുക്കുടയും, ആലവട്ടവും, വെഞ്ചാമരവും സ്വീകരണത്തിൽ സ്ഥാനം പിടിച്ചു. ചുണ്ടൻ വള്ളങ്ങളും, കളിവള്ളങ്ങളും കല്ലൂർക്കാട് പള്ളിക്കടവിൽനിന്ന് അമ്പലപ്പുഴയിലേക്കുള്ള ഘോഷയാത്രയിൽ പങ്കുകൊണ്ടു.
മൂലം നാളിൽ മാപ്പിളശേരിയിൽനിന്ന് കല്ലൂർക്കാട് പള്ളിയിലെത്തി അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് അന്നു നടന്ന വിഗ്രഹഘോഷയാത്രയുടെ ഓർമപുതുക്കലാണ് മാപ്പിളശേരി കടവിൽനിന്നു ചമ്പക്കുളം പള്ളിക്കടവിലേക്കു നടത്തിവന്നിരുന്ന വള്ളംകളി. പിന്നീട് മത്സര പ്രാധാന്യം വന്നതോടെ വള്ളംകളിയുടെ സ്റ്റാർട്ടിംഗ്, ഫിനിഷിംഗ് പോയിന്റുകളിൽ മാറ്റം വരികയായിരുന്നു.
ചെമ്പകപ്പള്ളി കുടുംബം
വിഗ്രഹം ചമ്പക്കുളത്തുനിന്ന് പുറപ്പെട്ട അവസരത്തിൽ നാട്ടിൽനിന്ന് നിരവധി ആളുകളെത്തി വിവിധ വസ്തുക്കൾ വിഗ്രഹത്തിനു മുന്നിൽ കാഴ്ചവച്ചു. ഈ കാഴ്ച സാധനങ്ങളെല്ലാം അമ്പലപ്പുഴയ്ക്കു കൊണ്ടുപോയത് ചെമ്പകപ്പള്ളി കുടുംബത്തിന്റെ വലിയ വള്ളത്തിലായിരുന്നു. മുന്നേ പോയ ജലവാഹനത്തിൽ കല്ലൂർക്കാട് പള്ളിയിൽനിന്നു നല്കിയ വലിയ വടത്തിലാണ് ദേശക്കൊടി കെട്ടിയിരുന്നത്. അത് കെട്ടി വള്ളത്തെ നിയന്ത്രിച്ചിരുന്നത് ചമ്പക്കുളം ചെമ്പകപ്പള്ളി എന്ന ഈഴവ കുടുംബത്തിലെ മുതിർന്ന അംഗമായിരുന്നു.
പില്ക്കാലത്ത് രാജാവ് കല്പിച്ചതനുസരിച്ച് ദേശക്കൊടിക്കു പകരം കല്ലൂർക്കാട് പള്ളിയിൽനിന്ന് നല്കുന്ന കൊടിയാണ് ആഘോഷമായി ഫിനിഷിംഗ് പോയിന്റിൽ ഉയർത്തിയിരുന്നത്. അതിന്റെ തുടർച്ചയായി ചെമ്പകപ്പള്ളി കുടുംബത്തിലെ മുതിർന്ന അംഗം മൂലം നാളിൽ കല്ലൂർക്കാട്ട് പള്ളിയിലെത്തി കൊടിയും കയറും സ്വീകരിച്ച് ഒരു വള്ളത്തിൽ കൊടി ഉയർത്തി ഫിനിഷിംഗ് പോയിന്റിൽ വള്ളംകളിയുടെ സമയം മുഴുവൻ ഇരിക്കുന്ന പതിവ് ഇന്നുമുണ്ട്.
മതസൗഹാർദയാത്ര
ഒരു ക്രിസ്ത്യൻ തറവാട്ടിൽ ശ്രീകൃഷ്ണ വിഗ്രഹം ഇറക്കി സുരക്ഷിതമായി സൂക്ഷിക്കുന്നതിന് കല്ലൂർക്കാട് പള്ളി അനുമതി നൽകുന്നു. പിറ്റേന്നു രാവിലെ വിഗ്രഹം അമ്പലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോൾ നാടുഭരിക്കുന്ന രാജാവിന്റെ ദേവവിഗ്രഹത്തിനുവേണ്ട ആദരവും ബഹുമാനവും നല്കുന്നു. കല്ലൂർക്കാട്ട് ആറ്റിലൂടെ തെക്കോട്ട് പോകുന്നതിന് എല്ലാവിധ സൗകര്യങ്ങളും ജലവാഹനങ്ങളിൽ ഒരുക്കിനല്‍കുന്നു.
കല്ലൂർക്കാട്ട് പള്ളിയിലെ വിശ്വാസികളിൽ പലരും അമ്പലപ്പുഴ വരെ വിഗ്രഹത്തെ അനുഗമിക്കുകയും സുരക്ഷ ഒരുക്കുകയും ചെയ്യുന്നു... ഇതെല്ലാം ചരിത്രമാണ്. ആ കാലത്ത് സമൂഹത്തിൽ നസ്രാണികൾക്ക് വലിയ സ്ഥാനവും പദവിയുമായിരുന്നു രാജാവ് കല്പിച്ചുനല്കിയിരുന്നത്. അങ്ങനെയുള്ള ഒരു വലിയ കൂട്ടം ആളുകളെ ഒന്നിച്ചുനിർത്തുന്ന കല്ലൂർക്കാട് പള്ളിയുടെ സൗഹൃദവും സഹകരണവും, ചെമ്പകശേരി രാജാക്കൻമാരുടെ മഹാമനസ്കതയും ലോകത്തിനു മുന്നിൽ മതമൈത്രിയുടെ നേർബിംബമായി മൂലം ആഘോഷത്തിലൂടെ ഉയർന്നുനില്ക്കുന്നു.
ശ്രീകൃഷ്ണഭഗവാൻ ചമ്പക്കുളത്ത്
അമ്പലപ്പുഴ ദേവസ്വം അധികാരികളും ചെമ്പകശേരി പിൻമുറക്കാരും മൂലം നാളിൽ രാവിലെ ക്ഷേത്രപൂജ കഴിഞ്ഞ് നടയടച്ച് കല്ലൂർക്കാട് പള്ളിയിലും മാപ്പിളശേരി തറവാട്ടിലും അമ്പലപ്പുഴ പാല്പായസവും കാണിക്കയുമായി എത്തും. ആ ചടങ്ങുകൾക്കു ശേഷം മാത്രമേ കേരളത്തിലെ മത്സരവള്ളംകളികൾക്ക് ആർപ്പുവിളി ഉയരൂ.
വള്ളംകളിക്കുശേഷം രാജകുടുംബാംഗങ്ങളും ക്ഷേത്രഭാരവാഹികളും തിരികേഅമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയാണ് നടതുറന്ന് വൈകുന്നേരത്തെ പൂജ ആരംഭിക്കുന്നത്. ക്ഷേത്ര പ്രതിനിധികളോടൊപ്പം മൂലം നാളിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാൻ ചമ്പക്കുളത്തേക്ക് എഴുന്നള്ളുന്നു എന്നാണ് വിശ്വാസം.
ആചാരങ്ങൾ തുടരുന്നു
വള്ളംകളിയുടെ നടത്തിപ്പിന് ആചാരവെടിക്കുള്ള കതിനയും വെടിമരുന്നും (ആദ്യകാലത്ത് വള്ളങ്ങളുടെ മത്സരം ആരംഭിച്ചിരുന്നത് കതിന വെടി മുഴക്കം കേട്ടാണ്) ചമ്പക്കുളം കല്ലൂർക്കാട് പള്ളിയിൽനിന്നാണ് ഇപ്പോഴും നല്‍കിവരുന്നതെന്ന പ്രത്യേകതയുമുണ്ട്. മൂലം വള്ളംകളിയുടെ രക്ഷാധികാരികളിൽ ഒരാൾ ഇപ്പോഴും കല്ലൂർക്കാട്ട് പള്ളി വികാരി ആണ്.
മാപ്പിളശേരി തറവാട്ടിൽ ഇന്നും സൂക്ഷിക്കുന്ന കെടാവിളക്ക് ഒരു രാത്രിയിലെ കൃഷ്ണവിഗ്രഹ സൂക്ഷിപ്പിന്റെ കെടാത്ത സ്മാരകമാണ്. അതുപോലെ ചെമ്പകപ്പള്ളി കുടുംബത്തിലെ അംഗം ഉയർത്തുന്ന കൊടിയും സൗഹാർദത്തിന്റെ വലിയ മാതൃക.
മൂലം ജലോത്സവം ഒരു നാടിന്റെ സംസ്കാരത്തിന്റെ നേർക്കാഴ്ചയാണ്. അഞ്ചു നൂറ്റാണ്ടുകളായി തുടരുന്ന മതസൗഹാർദത്തിന്റെ വലിയ ഉത്സവം. ഇവിടെ അമ്പലപ്പുഴ ക്ഷേത്രവും കല്ലൂർക്കാട് പള്ളിയും മാപ്പിളശേരി തറവാടും ചെമ്പകപ്പള്ളി കുടുംബവും കുട്ടനാടെന്ന സ്നേഹത്തിന്റെ വിശാലമായ മൈതാനത്ത് കൈ കോർത്തുനില്‍ക്കുന്നു.
Kerala
മലപ്പുറം: മൂലം വള്ളംകളിക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിയ പരാമർശം കുട്ടനാട് എംഎൽഎ റെജി ചെറിയാനുള്ള മറുപടിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മൂലം വള്ളംകളി ദിവസം അവധി നൽകണമെന്ന് റെജി ചെറിയാൻ എംഎൽഎ സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടിയും നൽകി. എന്നാൽ ഈ മറുപടി നൽകിയ ശേഷം തിരികെ വന്നിരിക്കുന്നതിനിടെ ഒരു കാരണവശാലും കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞത് മൈക്കിലൂടെ പുറത്തുവന്നിരുന്നു.
സംഭവത്തിൽ എംഎൽഎ തന്റെ പ്രതിഷേധവും അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടി കാര്യങ്ങൾ വിശദീകരിച്ചത്. താനും മുഖ്യമന്ത്രിയും തമ്മിൽ നേരത്തെ മറ്റൊരു വിഷയം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് എംഎൽഎയുടെ ചോദ്യം വന്നത്. അപ്പോൾ മുഖ്യമന്ത്രി അതിന് മറുപടി കൊടുക്കുകയും, തുടർന്ന് തിരികെ വന്നിരുന്ന് തന്നോടുള്ള സംസാരം തുടരുകയുമാണുണ്ടായത്.
മുഖ്യമന്ത്രി പറഞ്ഞ ആ വാക്ക് കുട്ടനാട് എഎൽഎയെ ഉദ്ദേശിച്ചുള്ളതല്ലയെന്ന് തനിക്ക് നന്നായി അറിയാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അക്കാര്യത്തിൽ വേണമെങ്കിൽ ലോകത്തെ മുഴുവൻ പറ്റിക്കാം. പക്ഷേ കാര്യങ്ങൾ നേരിട്ട് ബോധ്യമുള്ള തന്നെ പറ്റിക്കാൻ ആകില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
District News
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയുമായി ബന്ധപ്പെട്ട് പമ്പാനദിയിൽ സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം. 29ന് നടക്കുന്ന ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പമ്പാനദിയിൽ ചമ്പക്കുളം മാപ്പിളശേരി കടവ് മുതൽ തെക്കുഭാഗത്ത് ഫിനിഷിംഗ് പോയിന്റ് വരെയുള്ള മത്സര ട്രാക്കുകളിൽ സ്പീഡ് ബോട്ടുകൾ പ്രവേശിക്കരുതെന്ന് രജിസ്റ്ററിംഗ് അഥോറിറ്റിയായ തുറമുഖ ഓഫീസർ അറിയിച്ചു.
സംഘാടക സമിതിയുടെ അനുവാദമില്ലാതെ ട്രാക്കിൽ അതിക്രമിച്ചു കടക്കുന്ന ബോട്ടുകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും തുറമുഖ ഓഫീസർ അറിയിച്ചു.
NRI
റോഥർഹാം: യുക്മ (യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ ഓഗസ്റ്റ് 15ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് "കേരളാ പൂരം 2026'നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ സ്വീകരിക്കും.
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മേയ് 24 ആയിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി എട്ടാമത് യുക്മ കേരളപൂരം വള്ളംകളി വിജയത്തിലെത്തിക്കുവാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ "കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍' എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പില്‍ ആദ്യമായി വാര്‍വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍ വിജയമായിരുന്നു.
22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സര വള്ളംകളിയില്‍ നോബി കെ. ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് വിജയ കിരീടം സ്വന്തമാക്കി.
തുടര്‍ന്ന് കേരളാ പൂരം 2018 എന്ന പേരില്‍ ഓക്സ്ഫോര്‍ഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സര വള്ളംകളിയില്‍ 32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന് ഒന്നാം സ്ഥാനം സ്വന്തമാക്കി.
2019ല്‍ മൂന്നാമത് വള്ളംകളി ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ സംഘടിപ്പിച്ചപ്പോഴും തായങ്കരി ചുണ്ടന് കിരീടം നിലനിര്‍ത്തി. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2022ൽ നടത്തിയ വള്ളംകളിയില്‍ വീണ്ടും ജേതാക്കളായി ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടന് ഹാട്രിക്ക് നേട്ടം കൈവരിച്ചു.
2023ലെ വള്ളംകളി മത്സരത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ്എംഎ ബോട്ട് ക്ലബ് സാല്‍ഫോര്‍ഡിന്റെ പുളിങ്കുന്ന് ചാമ്പ്യന്മാരായി.
2024ലെ വള്ളംകളി മത്സരത്തിൽ സാവിയോ ജോസ് നയിച്ച കരുത്തരായ എൻഎംസിഎ ബോട്ട് ക്ലബ് നോട്ടിംഗ്ഹാമിന്റെ കിടങ്ങറ ചാമ്പ്യൻമാരായി. കഴിഞ്ഞ വർഷം (2025) നടന്ന ഏഴാമത് വളളം കളി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ മോനച്ചൻ നേതൃത്വം നല്കിയ ബോൾട്ടൺ കൊമ്പൻസ് ക്ലബ് ആണ് ചാമ്പ്യൻമാരായി യുക്മ ട്രോഫിയിൽ മുത്തമിട്ടത്.
വനിതാ വിഭാഗം പ്രദർശന മത്സരത്തിൽ ലിവർപൂൾ ടീമും ജേതാക്കളായി. പല ടീമുകളും ഇതിനോടകം തന്നെ പരിശീലനത്തിനിറങ്ങി മികച്ച പോരാട്ടം കാഴ്ച വയ്ക്കുന്നതിനുള്ള തയാറെടുപ്പിലാണ്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കൂടുതല്‍ ടീമുകള്‍ രംഗത്ത് വരുന്നതിന് യുക്മ നേതൃത്വത്തിന് മുമ്പാകെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 32 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്.
കേരളാ പൂരം 2026നോട് അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് ബോട്ട് റേസ് - ടീം മാനേജ്മെന്റ് & ട്രെയിനിംഗ് വിഭാഗത്തില്‍ ചുമതല ഏല്പിച്ചിരിക്കുന്നത്.
ഡിക്സ് ജോർജ്, ജോർജ് തോമസ്, ജേക്കബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റിന്റെയും ട്രെയിനിംഗിന്റെയും ചുമതല വഹിക്കുന്നത്.
ടീം രജിസ്ട്രേഷന് സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്കുന്നു
ഓരോ ബോട്ട് ക്ലബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്. ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേർ മത്സരം നടക്കുമ്പോള്‍ തുഴക്കാരായും ഒരാൾ ഡ്രമ്മറായും ഉണ്ടാവും.
മറ്റ് മൂന്ന് പേര് സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങള്‍ മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്.
ബോട്ട് ക്ലബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്, ക്ലബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്മാര് ചുമതലയുള്ളവരെ ബന്ധപ്പെട്ട് രജിസ്ട്രേഷന് പുതുക്കേണ്ടതാണ്.
കേരളത്തിലെ നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും.
ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൺ മത്സരിക്കാനിറങ്ങിയത് കാവാലം എന്ന പേരുള്ള വള്ളത്തിലാണ്. ബോട്ട് ക്ലബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്.
പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട് ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന് നിലവിലുള്ള ബോട്ട് ക്ലബുകള്‍ നല്കുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.
എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്സി സൈസും നല്‍കേണ്ടതാണ്.
പങ്കെടുക്കാനെത്തുന്ന ടീമുകളിലെ 20 അംഗങ്ങള്‍ക്ക് വീതം ജഴ്സി നല്‍കുന്നത് പരിപാടിയ്ക്ക് വര്‍ണപ്പകിട്ടേകും. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര് തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.
രജിസ്ട്രേഷന് ഫീസ് ടീമുകള്‍ക്ക് 500 പൗണ്ട് ആയിരിക്കും. ഇത് ടീം ക്യാപ്റ്റന്മാരാണ് നല്‍കേണ്ടത്. കോർപ്പറേറ്റ് ടീമുകൾക്ക് 750 പൗണ്ട് ആയിരിക്കും രജിസ്ട്രേഷൻ ഫീസ്. ടീമിന് സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്.
ഇത് നിബന്ധനകള്‍ക്ക് വിധേയമാണ്. ബ്രിട്ടണില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്.
കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്. എല്ലാ ടീമുകള്‍ക്കും ചുരുങ്ങിയത് മൂന്ന് റൗണ്ട് വള്ളം തുഴയുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.
ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന് അവസാനിച്ചതിനു ശേഷം നടത്തപ്പെടുന്ന ക്യാപ്റ്റന്മാരുടെ യോഗത്തില്‍ അറിയിക്കുന്നതും തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതുമാണ്.
വനിതകള്‍ക്ക് മാത്രമായി നെഹ്റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്. വനിതാ ടീമുകളും മെയ് 24നുള്ളിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്.
യുക്മ കേരളപൂരം വള്ളംകളിയുടെ രജ്സ്ട്രേഷൻ, ടീം അംഗങ്ങളുടെ ജഴ്സി, മത്സരക്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ സംഘാടകസമിതിയുടെ പൂർണമായ ഉത്തരവാദിത്വത്തിലും നിബന്ധനകൾക്ക് അനുസരിച്ചുമായിരിക്കും നടത്തപ്പെടുന്നത്.
ടീം രജിസ്ട്രേഷന് വിവരങ്ങള്‍ക്ക്: ഡിക്സ് ജോർജ്ജ് - 074033 12250, ജോർജ് തോമസ് - 079034 26018, ജേക്കബ് കോയിപ്പള്ളി - 074029 35193.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി സെബാസ്റ്റ്യൻ - (പ്രസിഡന്റ്) - 07702862186, ജയകുമാര്‍ നായര്‍ - (ജനറല്‍ സെക്രട്ടറി) - 07403223066 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
NRI
ന്യൂയോർക്ക്: വള്ളംകളി മേഖലയിലെ ആഗോള കൂട്ടായ്മയായ ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷന്റെ (ഐബിആർഎഫ്) പ്രവർത്തനങ്ങൾ നോർത്ത് അമേരിക്കയിൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എെബിആർഎഫ് യുഎസ്എയിൽ പ്രവർത്തനങ്ങൾ ശക്തമാക്കി.
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ ഐബിആർഎഫ് ഗ്ലോബൽ കമ്മറ്റിയുടെ നിർദേശത്തിൽ കൂടുതൽ ചാപ്റ്ററുകൾ ഉടൻ നിലവിൽ വരുമെന്ന് എെബിആർഎഫ് യുഎസ്എ ചെയർമാൻ ഡോ. ജേക്കബ് തോമസ് അറിയിച്ചു.
NRI
ഒട്ടാവ: കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഇന്റർനാഷണൽ കൺവൻഷന് മുന്നോടിയായി വള്ളംകളി മേഖലയിലെ ആഗോള സംഘടനയായ ഐബിആർഎഫ് (ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷന്റെ) ആഭിമുഖ്യത്തിൽ വള്ളംകളിയുടെ പൈതൃക കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് യോഗം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.
ആറന്മുള ജലമേളയുടെ മുഖ്യ സംഘാടകർ പങ്കെടുത്ത യോഗത്തിൽ ഐബിആർഎഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ.ജി. സാംബാദേവൻ അദ്ധ്യഷനായി. ഐബിആർഎഫ് ഗ്ലോബൽ പ്രസിഡന്റും കാനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യ സംഘടകനുമായ കുര്യൻ പ്രക്കാനം മുഖ്യാതിഥി ആയിരുന്നു.
കനേഡിയൻ നെഹ്റു ട്രോഫിയുടെ രണ്ടാമത് ഇന്റർനാഷണൽ കൺവൻഷൻ വൻ വിജയമാക്കാൻ എല്ലാ വള്ളംകളി സ്നേഹികളുടെയും സഹായവും സഹകരണവും ഐബിആർഎഫ് ഗ്ലോബൽ പ്രസിഡന്റ് കുര്യൻ പ്രക്കാനം അഭ്യർത്ഥിച്ചു.
Kerala
ആലപ്പുഴ: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22നു നടക്കും. ബുധനാഴ്ച ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീയതി തീരുമാനിച്ചത്. ഓണത്തിന് തൊട്ടുമുൻപുള്ള ശനിയാഴ്ചയാണ് മത്സരം നടത്തുന്നത്.
കഴിഞ്ഞവർഷവും ഓണത്തിന് മുൻപുള്ള ശനിയാഴ്ചയാണ് വള്ളംകളി നടത്തിയത്. ഓണാഘോഷ വേളയിൽ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികളടക്കമുള്ള കാണികൾക്കും വിനോദസഞ്ചാരികൾക്കും സഹായകരമാവും. ഈ നിർദേശം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
2017 വരെ ഓഗസ്റ്റിലെ രണ്ടാംശനിയാഴ്ചയായിരുന്നു വള്ളംകളി നടത്തിയിരുന്നത്. പ്രളയവും മറ്റും കാരണം ഈ ദിവസം വള്ളംകളി നടത്താൻ കഴിയാതെ വന്നതോടെ ഓണത്തിന് മുൻപുള്ള ശനിയാഴ്ച എന്ന രീതിയിലേക്ക് കഴിഞ്ഞവർഷം മുതൽ മാറ്റുകയായിരുന്നു.
NRI
ലണ്ടൻ: യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ലോഗോ മത്സരത്തിൽ വെസ്റ്റ് യോർക്ക്ഷയർ കീത്ത്ലി മലയാളി അസോസിയേഷനിൽ നിന്നുള്ള ലിജോ ലാസർ വിജയിയായി. വള്ളംകളി മത്സരത്തിന്റെ മുഴുവൻ ഔദ്യോഗിക കാര്യങ്ങൾക്കും ലിജോ ഡിസൈൻ ചെയ്ത ലോഗോയാണ് ഉപയോഗിക്കുക.
നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് ലിജോയുടെ ലോഗോ ദേശീയ സമിതി തെരഞ്ഞെടുത്തത്. അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ലിജോ, വള്ളംകളിയുടെ നാടായ ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് സ്വദേശിയാണ്.
ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ ശനിയാഴ്ച നടക്കുന്ന വള്ളംകളി മത്സരത്തിന്റെ വേദിയിൽ വച്ച് ലിജോയ്ക്ക് സമ്മാനം വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.